Monday, May 2, 2016

ജാഗ്രതൈ...!!!



സ്കൂളില്‍ പഠിക്കുന്ന കാലത്താണ് എനിക്ക് എഴുത്തിന്‍റെ അസുഖം പിടിക്കുന്നത്. പ്ലസ്‌ ടു-വില്‍ ചേര്‍ന്ന കാലത്ത് അത് കലശലായി. അതിനു ചേര്‍ന്ന കുറെ കൂട്ടുകാരും. ആ സമയത്താണ് ഷെര്‍ലോക്ക് ഹോംസ് കഥകള്‍ വായിക്കുന്നതും, അത് പോലെ ഒരു കുറ്റാന്വേഷണ നോവല്‍ എഴുതണം എന്ന് ആഗ്രഹം തോന്നുന്നതും. മറ്റൊരു ഹോംസ് ഫാന്‍ ആയ എന്‍റെ സഹപാഠി ഋഷിയുടെ പ്രോത്സാഹനം, പിന്നെ ഞങ്ങളുടെ ക്ലാസ്സിലെ, അല്ല സ്കൂളിലെ ഏറ്റവും നല്ല എഴുത്തുക്കാരനും, പഠിപ്പിസ്റ്റ് ആണെങ്കിലും ആ വര്‍ഗ്ഗത്തിന്റെ ചീത്തപേര് കേള്പ്പിക്കാത്തവാനുമായ ധനൂപിന്റെ പിന്തുണ...

അങ്ങനെ 2004 ജനുവരി 21നു ആ പതിനാറുകാരന്‍ നോവല്‍ എഴുതാന്‍ ആരംഭിച്ചു. ഓരോ അദ്ധ്യായവും വായിച്ചു പ്രോത്സാഹിപ്പിച്ച ജോ, ജുബിന്‍, ജിം, സുകു, ഹണി, നിതിന്‍, അങ്ങനെ S2C സഹപാഠികള്‍... പക്ഷെ 92 പേജുകള്‍ (16 അദ്ധ്യായങ്ങള്‍) എഴുതിയപ്പോള്‍ പ്ലസ്‌ ടു ജീവിതം കഴിഞ്ഞു. പിന്നെ ഏറ്റുമാനൂര്‍ ഐ.ടി.ഐ.യില്‍ ചേര്‍ന്ന് നാളുകള്‍ക്കു ശേഷം എന്‍റെ നോവല്‍ സംരംഭത്തെ കുറിച്ച് അറിഞ്ഞ സഹപാഠികള്‍ എഴുതിയ 16 അദ്ധ്യായങ്ങള്‍ വായിക്കുകയും, അത് പൂര്‍ത്തീകരിക്കാന്‍ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ജോണ്‍, ജോജോ, സജിത്ത്, ആശ, രമ്യ, രാജേഷ്‌, നജീബ്, സൈജോ, മഞ്ജു, പ്രതീഷ് തുടങ്ങിയവരുടെ നിര്‍ബന്ധത്താല്‍ ഞാന്‍ അത് വീണ്ടും എഴുതി തുടങ്ങി ഒടുവില്‍ 2006 ഫെബ്രുവരി 14നു പൂര്‍ത്തീകരിച്ചു. 165 പേജുകളും, 25 അധ്യായങ്ങളും.... അന്ന് തന്നെ ക്ലാസ്സിലെ വാലന്‍ന്റൈന്‍ ഡേ ആഘോഷത്തില്‍ നോവല്‍ പ്രകാശനവും ചെയ്തു. "എഴുതി പൂര്‍ത്തിയാക്കിയ ശേഷം വെറും 45 മിനിട്ടുകള്‍ക്ക് ശേഷം റിലീസായ ലോകത്തിലെ ആദ്യ നോവലും ഒരു പക്ഷെ ഇതാവും..."

ഇത്രയൊക്കെ കേട്ടിട്ട് വല്യ പ്രതീക്ഷയോടെ ഒരു കുറ്റാന്വേഷണ നോവല്‍ വായിക്കാന്‍ തയ്യാറായി ആണ് നിങ്ങള്‍ ഇരിക്കുന്നെങ്കില്‍, നിങ്ങള്‍ നിരാശപെടേണ്ടി വരും... ഒരു പതിനാറുകാരന്‍ എഴുതിയ നോവല്‍ എന്നതിനപ്പുറം വല്യ പ്രതീക്ഷ ഒന്നും അരുത്. പത്തു വര്‍ഷത്തിനു ശേഷം ആ നോവല്‍ എടുത്തു വായിച്ച ഞാന്‍ തന്നെ ചിരിച്ചു പോയി. പിന്നെ ഞാന്‍ പറഞ്ഞു വന്നത്, ഞാന്‍ ആ നോവല്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു (കുറെ നാള്‍ ആയി ആലോചന ഉണ്ടായിരുന്നു). വരും ദിവസങ്ങളില്‍ ഓരോ അധ്യായങ്ങളായി www.jaagrathai.blogspot.in എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. പുതിയ അദ്ധ്യായങ്ങള്‍ ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ എന്‍റെ ഫേസ്ബുക്ക്‌ പേജില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ് കേട്ടോ... എന്‍റെ മറ്റു മൂന്നു ബ്ലോഗുകളുടെ ലിങ്കുകള്‍ www.joshykurian.com/#blog എന്ന പേജില്‍ ലഭ്യമാണ്.

Sunday, May 1, 2016

അവതാരിക

സമര്‍പ്പണം 

"ഉന്നത സൗഭാഗ്യ ശൃംഗത്തില്‍ 
      പൊന്നോടക്കുഴലുമായി 
വര്‍ത്തിക്കും മഹാത്മാവേ!
    താവുമോജ്ജ്വലമാം ഈ ഭാവുകം 
സമര്‍പ്പിക്കുന്നു
   അങ്ങേക്കായി ഞാന്‍."

"മുമ്പോട്ടൊരു പദം വയ്ക്കും മുമ്പ്
    കാണാത്ത പാതകള്‍
അറിയും തോറുമേറിടുന്നു 
   അറിയാന്നുള്ള കൌതുകം
കണ്ണോന്നിലൂന്നി നോക്കുമ്പോള്‍
    കണ്ടാല്‍ മങ്ങാത്ത ഭംഗികള്‍
കണ്ടിടും തോറുമേറിടുന്നു 
     കാണുവാനുള്ള കെല്‍പ്പുകല്‍..."

ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ച 

    എന്‍റെ സുഹൃത്തും, സഹപാഠിയുമായ 

               ഋഷി നരേന്ദ്രന്.....!!!

സ്പെഷ്യല്‍ താങ്ക്സ് 

  1. എന്നെ കുറിച്ച് ജോ ഫിലിപ്പ് എഴുതിയ "The Ostrich and the Beauty" എന്ന കവിത പരിശോധിച്ചു തരികയും, ഈ നോവലിന് പ്രചോദനമായ "Sherlock Holmes" കഥകളുടെ സമ്പൂര്ണ വാല്യങ്ങള്‍ രണ്ടും സ്കൂള്‍ ലൈബ്രറിയില്‍ നിന്നെടുത്തു തന്ന ലൈബ്രേറിയനും, ഇംഗ്ലീഷ് ടീച്ചറുമായ ശ്രീമതി ആനി ജേക്കബിനു.
  2. 92-ആം പേജില്‍ നിര്‍ത്തി വെച്ച ഈ നോവല്‍ ഒരു വര്‍ഷത്തിനു ശേഷം തുടര്‍ന്നെഴുതാന്‍ എനിക്ക് പ്രചോദനം നല്‍കിയ എന്‍റെ സഹപാഠികളായ രമ്യ എസ് (ചേര്‍ത്തല), ആശ സാം (മൂന്നിലവ്), രാജേഷ്‌ പി. ആര്‍. (ഓണംതുരുത്ത്) എന്നിവര്‍ക്കും.

ഈ നോവലിന് ജീവിചിരിക്കുന്നവരോടോ, മരിച്ചവരോടോ, പ്രത്യേകാല്‍ ചില സംഭവങ്ങളോടോ സാദൃശ്യം തോന്നിയാല്‍ അത് യാദ്രിഛികമല്ല, തികച്ചും സ്വാഭാവികം.   - നോവലിസ്റ്റ്‌.

എഴുതി തുടങ്ങിയത് - 2004 ജനുവരി 21
എഴുതി പൂര്‍ത്തിയാക്കിയത് - 2006 ഫെബ്രുവരി 14 

Saturday, April 30, 2016

സൂചിക



അദ്ധ്യായങ്ങള്‍ 
  1. കോളേജിലെ പ്രശ്നം
  2. കളക്ടറേറ്റിലെ ധര്‍ണ
  3. ഓപറേഷന്‍ ആരംഭിക്കുന്നു.
  4. ഞാന്‍ കരയുകയും നീ ചിരിക്കുകയും ചെയ്യുമ്പോള്‍
  5. കൊലപാതക സ്ഥലത്ത്
  6. അവള്‍ വരുന്നു
  7. പയ്യപാടിയിലെ പാറമട
  8. മീര പറഞ്ഞ കഥ
  9. ഒട്ടകപക്ഷിയും സുന്ദരിയും
  10. ഔട്ട്‌ഹൌസിനുള്ളില്‍ 
  11. അജ്ഞാത വഴി
  12. ശില്പയുടെ സ്വന്തം ഇനി
  13. ആതിര പറഞ്ഞ കഥ
  14. ഒരു കെണി തയ്യാറാകുന്നു
  15. കുരുക്കുകള്‍ മുറുകുന്നു
  16. അറസ്റ്റിനു പിന്നില്‍
  17. The Mystery of Dancing Man
  18. കാഞ്ഞിരപ്പള്ളിയിലേക്ക്
  19. മലയാള നാട്ടില്‍
  20. ഒരു മനോഹര ഗാനത്തിന്‍റെ അനുപല്ലവി 
  21. പല്ലവി
  22. ജാഗ്രതൈ
  23. ജ്യോതിസ് പറഞ്ഞ കഥ
  24. The Game of Death
  25. ലോക സമസ്താ സുഖിനോ ഭവന്തു


Friday, April 29, 2016

അദ്ധ്യായം 1


കോളേജിലെ പ്രശ്നം 

"എത്തേണ്ടതാമിടമെത്തിയാലും ശരി,
മദ്ധ്യേ മരണം വിഴുങ്ങിയാലും ശരി...
മുന്നോട്ടു തന്നെ നടക്കും വഴിയിലെ,
മുള്ളുകളൊക്കെ ചവിട്ടി മെതിച്ചു ഞാന്‍
പിന്നാലെ വന്നിടും പിഞ്ചു പദങ്ങള്‍ക്കു
വിന്യാസ വേളയില്‍ വേദന തോന്നൊലാ..."

പ്രൊഫ. അലക്സ്‌ കെ ജോണ്‍ ഉച്ച മുതല്‍ വളരെ ടെന്‍ഷനിലായിരുന്നു. ഇന്റെര്‍വലിന്റെ സമയത്ത് അനുപമ ടീച്ചര്‍ വന്നു പറഞ്ഞ വിവരം കേട്ടത് മുതല്‍ അദ്ദേഹം അസ്വസ്ഥനാണ്.

അലക്സ്‌ സാര്‍ സ്റ്റാഫ്‌ റൂമിലാകെപ്പാടെ ഒന്ന് കണ്ണോടിച്ചു. തോമസ്‌ കെ ജോണ്‍ സാറിന്റെയും, തോമസ്‌ മാത്യു സാറിന്റെയും സീറ്റുകള്‍ കാലിയാണ്. ഉച്ചയൂണ് കഴിഞ്ഞു പുകവലിക്കുന്ന ശീലം ഇരുവര്‍ക്കുമുണ്ട്. ജ്യോത്സ്ന നായര്‍ ടീച്ചര്‍ 'The History of Genetics' എന്ന പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നു. ലിനു ജോര്‍ജ് ടീച്ചറും, അഖില ടീച്ചറും വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നു. സുമ ടീച്ചര്‍ പത്രം വായിച്ചു കൊണ്ടിരിക്കുന്നു. ഡിപാര്‍ട്ട്മെന്റ് ഹെഡ് ആയ എല്‍സമ്മ ജോണ്‍ ടീച്ചര്‍ എന്തോ എഴുതി കൊണ്ടിരിക്കുകയാണ്.

15 വര്‍ഷമായി താന്‍ ഈ കോളേജില്‍ പഠിപ്പിക്കാന്‍ വന്നിട്ട്. അതിനു ശേഷം ഈ ഇത് പോലൊരു സംഭവം ഈ കോളേജില്‍ ആദ്യമായിട്ടാണ്. അടിപിടികള്‍ക്കും മറ്റും കുപ്രസിദ്ധമായ ഈ കോളേജിനെ നേരെയാക്കി എടുക്കാന്‍ കുറച്ചേറെ പ്രയാസപ്പെട്ടു. എന്നിട്ടിതാ ഇപ്പോള്‍ വീണ്ടും...

അലക്സ്‌ സാറിനെ ചിന്തകളില്‍ നിന്നുണര്‍ത്തിയത് നാന്‍സി ടീച്ചറിന്റെ ശബ്ദമാണ്. "സാര്‍ അടുത്ത പീരീഡ്‌ B. Sc 2nd ഇയര്‍ B ബാച്ചില്‍ പോകാമോ? പകരം സാറിന്‍റെ 1st ഇയര്‍ B ബാച്ചില്‍ ഞാന്‍ പൊയ്ക്കൊള്ളാം." ഒന്നിരുത്തി മൂളിയതല്ലാതെ അദ്ദേഹം മറുപടി ഒന്നും പറഞ്ഞില്ല. ആ ക്ലാസ്സില്‍ പോകാന്‍ ടീച്ചര്‍മാര്‍ക്കാര്‍ക്കും താല്പര്യമില്ല. അതും ഇങ്ങനെ ഒരു സംഭവം കൂടി... ഇത് പോലൊരു ബാച്ച് ഇവിടെ ഉണ്ടായിട്ടില്ല, ഇനിയൊട്ടു ഉണ്ടാകുകയുമില്ല.

"അനുപമ ടീച്ചറെ, അവന്റെ പേരെന്തായിരുന്നു?" അലക്സ്‌ സാര്‍ ചോദിച്ചു. "ആനന്ദ് കൃഷ്ണ." പേര് കേട്ടപ്പോള്‍ തന്നെ ആളാരാണെന്ന് അലക്സ്‌ സാറിനു മനസ്സിലായി. മുന്‍മന്ത്രിയും, ഇപ്പോള്‍ ഇവിടുത്തെ സിറ്റിംഗ് എം.എല്‍.എ.യുമായ ശ്രീ. കൃഷ്ണാനന്ദ് വാസുദേവന്റെ ഒരേയൊരു മകന്‍.

അപ്പോളാണ് B. Sc 2nd ഇയര്‍ B ബാച്ചിലെ റോഷന്‍ സ്റ്റാഫ്‌ റൂമിലേക്ക്‌ കടന്നു വന്നത്. "ക്ലാസ്സിലെന്താ റോഷനെ പ്രശ്നം?" അലക്സ്‌ സാര്‍ ചോദിച്ചു. "ഒന്നുമില്ല സാര്‍." റോഷന്‍ പറഞ്ഞു. "ആ ആനന്ദ്‌ വെള്ളമടിച്ചിട്ട് കേറി ഉടക്കാന്‍ വന്നു. ഞങ്ങള്‍ പിടിച്ചു രണ്ടെണ്ണം കൊടുത്തു വിട്ടു. അത്രേയുള്ളൂ. അവന്‍ ഇറങ്ങി പോയി. SCS ജങ്ക്ഷനില്‍ വെച്ച് കണ്ടോളാമെന്നാ ഭീഷണി." റോഷന്‍ പറഞ്ഞു. "അവനെ ടി.സി. കൊടുത്തു പറഞ്ഞു വിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എം.എല്‍.എ.യുടെ മകന്‍ ആയതിനാല്‍ ആരും ഒന്നും ചോദിക്കില്ല എന്നാ അവന്റെ അഹങ്കാരം. എന്തായാലും റോഷന്‍ സൂക്ഷിക്കണം." അലക്സ്‌ സാര്‍ പറഞ്ഞു.

"അത് പ്രശ്നമില്ല സാര്‍." റോഷന്‍ പറഞ്ഞു. "കോളേജിനു വെളിയില്‍ വെച്ച് നമ്മളെ തൊടാന്‍ പോലും അവനു പറ്റില്ല. SCS ജങ്ക്ഷന്‍ മുഴുവന്‍ നമ്മുടെ ആളുകളാണ്. അവനൊരു ചുക്കും ചെയ്യില്ല. മാത്രമല്ല, ഋഷിച്ചായന് ഇങ്ങോട്ട്  ട്രാന്‍സ്ഫര്‍ ആണെന്ന് ഞാന്‍ പറഞ്ഞില്ലേ? ഇന്നിവിടെ കമ്മിഷണര്‍ ആയി ഋഷിച്ചായന്‍ ചാര്‍ജെടുക്കുകയാണ്."

"അത് നല്ലതാണ്." അലക്സ്‌ സാര്‍ പറഞ്ഞു. "റോഷനറിയാമോ, കഴിഞ്ഞ വര്ഷം ആനന്ദിനെ ഇവിടെ നിന്നും സസ്പെന്ഡ് ചെയ്തതാണ്. അതും ഒരു അടിപിടികേസില്‍. ഒടുവില്‍ അവനെ തിരിച്ചെടുക്കേണ്ടി വന്നു. അവന്റെ അപ്പനില്ലേ, ആ എം.എല്‍.എ. - അയാളെന്നെ വന്നു ഭീഷണിപ്പെടുത്താന്‍ നോക്കി. മകനെ തിരിചെടുതില്ലെങ്കില്‍ ആളെ വിട്ടു തല്ലിക്കുമെന്നു. ഞാന്‍ പറഞ്ഞു - എന്നെ തല്ലിയിട്ട് ഒരുത്തനും ഇവിടെ നേരെ നടക്കില്ല - തനിക്കിനി ഒന്നെര വര്ഷം കൂടിയല്ലയൂള്ളൂ.. അതിനു ശേഷം ഞങ്ങടെ പാര്‍ട്ടിയാ ഇനി ഭരിക്കാന്‍ പോകുന്നത്. അത് വരെയൊന്നും, ഞാന്‍ കാത്തിരിക്കില്ല. തന്‍റെ വീട്ടില്‍ കേറി തല്ലിയിരിക്കും എന്ന് പറഞ്ഞു."

ഇതേ സമയം തന്നെ DIG ഡോമിനിക് സെബാസ്റ്റ്യന്‍ തന്‍റെ ഓഫീസില്‍ ഇരുന്നു DYSP അന്‍വര്‍ സാദത്തിനോട് പറയുകയായിരുന്നു - "അവന്റെ ഒടുക്കത്തെ ഒരു ട്രാന്‍സ്ഫര്‍. കണ്ട മാരണങ്ങളെയെല്ലാം ഇങ്ങോട്ടെ കെട്ടിയെടുക്കാന്‍ കണ്ടുള്ലോ? അതും ഇന്ന് തന്നെ?" "അതിനെന്താ സാര്‍?" അന്‍വര്‍ ചോദിച്ചു. "അവനില്ലേ ആ ഋഷി. അവനാള് പിശകാണ്. നമ്മള്‍ വരയ്ക്കുന്ന വരയിലൊന്നും അവന്‍ നിക്കില്ല. കഴിഞ്ഞ മാര്‍ച്ചില്‍ പൂനയില്‍ ആയിരുന്നു അവന്റെ ആദ്യ പോസ്റ്റിങ്ങ്‌. മഹാരാഷ്ട്രയില്‍ മുംബൈ കമ്മിഷണര്‍ കഴിഞ്ഞാല്‍ ഗ്ലാമര്‍ ഉള്ള പദവി. ഏപ്രിലില്‍ 'ഓപ്പറേഷന്‍ ഡോണ്‍' ആവിഷ്കരിച്ചു അവിടുത്തെ അധോലോകത്തെ തുടച്ചു നീക്കി. ജൂണില്‍ വഴിയാത്രക്കാരനെ ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പാഞ്ഞു പോയ ആഭ്യന്തര മന്ത്രിയുടെ വാഹനം പിന്തുടര്‍ന്ന് പിടിച്ചു ഡ്രൈവറെ അറെസ്റ്റ്‌ ചെയ്തു. അതും നടുറോഡില്‍ വെച്ച്. ഫലമോ, ആറു മാസം സസ്പെന്‍ഷനും, കോഴിക്കോട്ടെക്ക് പണിഷ്മെന്റ് ട്രാന്സ്ഫെരും. ദാ പിന്നെ അവിടുന്ന് ഇങ്ങോട്ടും."

DYSP അന്‍വര്‍ പറഞ്ഞു - "അങ്ങനെയാണെങ്കില്‍ നമ്മള്‍ കരുതിയിരിക്കണമെല്ലോ. ഇന്നത്തെ പ്ലാനുകള്‍ അതീവ രഹസ്യമായിരിക്കണം. കൃഷ്ണാനന്ദ് സാര്‍ ഇപ്പോളും വിളിച്ച്ചിട്ടിരിക്കുവാണ്. അലക്സ്‌ എന്ന പേരുള്ള പ്രൊഫസറിനെയും, റോഷന്‍, അജിത്‌ എന്നീ വിദ്യാര്‍ഥികളെയും പൊക്കാനാ ഓര്‍ഡര്‍. അതിനിടയില്‍ ഋഷി കേറി ഇടപെടുമോ?"

ഡോമിനിക് ചിരിച്ചു - "അതാടോ പറഞ്ഞത് ബുദ്ധി വേണമെന്ന്. ഇവിടുത്തെ ആ കളക്ടറില്ലേ? അനൂപ്‌ ദാസ്. അയാളും ഋഷിയും സഹപാഠികളാണ്. 10:30നു കളക്ടറേറ്റില്‍ നമ്മുടെ പിള്ളേരുടെ വക ഒരു ധര്‍ണ. കളക്ടറിനെ തടഞ്ഞു വെക്കുന്നു. ചെറിയൊരു ഘെരാവോ. കൈയ്യേറ്റ ശ്രമം. ആത്മസുഹൃത്തിനെ രക്ഷിക്കാന്‍ അവന്‍ പാഞ്ഞെത്തില്ലേ? പിന്നെ നമ്മുടെ ഓപ്പറേഷന്‍ നടക്കുന്നതില്‍ എന്ത് തടസ്സം?"

അന്‍വര്‍ പറഞ്ഞു - "അതല്ല സാര്‍, ഋഷിയുടെ പെങ്ങള്‍ ഇപ്പോള്‍ ആ കോളേജില് ഗസ്റ്റ് ലക്ചറരാണ്. അവര്‍ ഈ വിവരം അവനെ അറിയിച്ചാല്‍ ഋഷി അവിടെ പാഞ്ഞെത്തില്ലേ? പിന്നെ നമ്മുടെ ഓപ്പറേഷന്‍ മുഴുവന്‍ അവതാളത്തിലാകും. പിന്നെ ബാക്കിയെന്താകുമെന്നു ഞാന്‍ പറയണമോ?"

ഡോമിനിക് പറഞ്ഞു - "താന്‍ പേടിക്കെണ്ടാടോ. സത്യശീലന്‍ ആള് മിടുക്കനാ. അവന്‍ കളക്ടറേറ്റിലെ കാര്യമെല്ലാം നേരെ നടത്തിയെടുക്കും. ഋഷി പതിനൊന്നിനും പന്ത്രണ്ടിനും ഇടയ്ക്കുള്ള സമയം കളക്ടറേറ്റിലായിരിക്കും. പതിനൊന്നാകുമ്പോള്‍ നിങ്ങള്‍ കോളേജിലേക്ക് പോയ്കൊള്ളൂ.."

(തുടരും....)

അടുത്ത അദ്ധ്യായം : കളക്ടറേറ്റിലെ ധര്‍ണ 



Thursday, April 28, 2016

അദ്ധ്യായം 2

കളക്ടറേറ്റിലെ ധര്‍ണ 

അപ്പോള്‍ തന്നെ മറീന ഫോണ്‍ ചെയ്യുകയായിരുന്നു. മറുവശത്ത് ആരും ഫോണ്‍ എടുക്കുന്നില്ല. അവള്‍ക്കു എന്തെന്നില്ലാതെ ദേഷ്യം തോന്നി. ഉടന്‍ തന്നെ കമ്മിഷണര്‍ ഓഫീസിലേക്ക് വിളിച്ചു. അവിടെ ഫോണ്‍ എടുത്തത്‌ അസിസ്റ്റന്റ്റ് കമ്മിഷണര്‍ ശരത് ആര്‍. നരേന്ദ്രനാണ്. മറീന ചോദിച്ചു - "ഹലോ, DCP ഋഷി അഗസ്റ്റിന്‍ സ്ഥലത്തുണ്ടോ?" "ഇല്ല, കളക്ടറേറ്റില്‍ ഒരു ധര്‍ണ നടക്കുകയാണ്. അവിടെ ഭയങ്കര ബഹളമാണ്. സാര്‍ അവിടെ പോയിരിക്കുകയാണ്." മറീന പറഞ്ഞു - "സാറിനോട് ഉടനെ ചെന്നറിയിക്കണം. സാറിന്‍റെ പെങ്ങള്‍ കോളേജില്‍ നിന്ന് വിളിച്ചു, എത്രയും പെട്ടന്ന് ഇവിടെ എത്തണമെന്ന്." "ശരി." ശരത് ഫോണ്‍ വെച്ചു.

കളക്ടറേറ്റിനു മുന്‍പില്‍ ധര്‍ണ നടന്നു കൊണ്ടിരിക്കുകയായിരുന്നു. ധര്‍ണ നയിച്ച്‌ കൊണ്ടിരുന്ന സത്യശീലന്‍ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരിന്നു. "കളക്ടര്‍ ഗോ ബാക്ക്." കളക്ടറിന്റെ കാര്‍ പോര്‍ച്ചില്‍ കിടപ്പുണ്ടായിരുന്നു. കാറിനു ചുറ്റുമിരുന്നു ധര്‍ണ്ണക്കാര്‍ മുദ്രാവാക്യം വിളിച്ചു കൊണ്ടിരുന്നു.

അതെ സമയം എം.എല്‍. എ കൃഷ്ണാനന്ദ് വാസുദേവന്റെ വീട്ടിലെ ടെലിഫോണ്‍ ശബ്ദിച്ചു. മറുതലക്കല്‍ മെഡിക്കല്‍ കോളേജിലെ ബ്ലഡ്‌ ട്രാന്‍സ്ഫ്യൂഷന്‍ വിഭാഗം മേധാവിയായ ഡോ. ഹുസൈന്‍ മുഹമ്മദ്‌ ആയിരുന്നു. അയാള്‍ ചോദിച്ചു. "കെ.വി., കാര്യമെല്ലാം ശെരിക്കു പോകുന്നില്ലേ? മുന്ന വിളിച്ചിരുന്നു. ഋഷിയെ ഒതുക്കേണ്ടത്‌ സാറിന്റെയും ആവശ്യമാണ്‌. മുംബൈയില്‍ വെച്ച് അവന്‍ കപ്പിനും ചുണ്ടിനും ഇടയില്‍ വഴുതി പോയതാണ്. നമ്മളെ സഹായിക്കാന്‍ വേണ്ടി ഡേവിഡിനെ സാഹിബ് ഇങ്ങോട്ട് വിടുന്നുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ അവന്‍ ഇവിടെ എത്തും."

കൃഷ്ണാനന്ദ് പറഞ്ഞു - "ശരി. അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ. കുറച്ചു മുന്‍പ് സത്യശീലന്‍ വിളിച്ചിരുന്നു. കളക്ടറിനെ അവര്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും സമ്മതിച്ചിട്ടില്ല. നമ്മുടെ ഓപ്പറേഷന്‍ ഉറപ്പായും വിജയിക്കും."

അപ്പോള്‍ കളക്ടറേറ്റിന്റെ കവാടം കടന്നു ഒരു കാര്‍ വന്നു. പോര്ച്ചിലെക്ക് പാഞ്ഞു കയറി വന്ന ആ കാറിന്റെ വേഗം കണ്ടു ധര്‍ണക്കാര്‍ ചിതറിയോടി. പോര്‍ച്ചില്‍ കിടന്ന കളക്ടറിന്റെ കാറിനു സമീപം ആ കാര്‍ നിന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന ആകാംക്ഷ എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു.

കാറില്‍ നിന്നിറങ്ങിയത് ഏകദേശം 34 വയസ്സുള്ള ഒരു യുവാവാണ്. ആറടി രണ്ടിഞ്ചു ഉയരം. കടഞ്ഞെടുത്തത് പോലെയുള്ള കരുത്താര്‍ന്ന ശരീരം. കരിവീട്ടിയില്‍ നിര്‍മിച്ച ഒരു ശില്പമാണോ അതെന്നു കാണുന്നവര്‍ക്ക് തോന്നി പോകും. കല്ല്‌ പോലെ ഉറച്ച പേശികള്‍. പുതുതായി ചാര്‍ജെടുത്ത ആ കമ്മീഷണറുടെ കാക്കിയുടുപ്പിലെ നെയിം ബോര്‍ഡിലെ അക്ഷരങ്ങള്‍ വെയിലത്ത്‌ സ്വര്‍ണം പോലെ വെട്ടി തിളങ്ങി - ഋഷി അഗസ്റ്റിന്‍ ഐ.പി.എസ്.!!!

സി.ഐ. രാജേഷ് പ്രസാദ്‌ സല്യൂട്ട് ചെയ്തിട്ട് പറഞ്ഞു - "സാര്‍ കണ്ട്രോള്‍ റൂമില്‍ നിന്ന് ശരത് സാര്‍ വിളിച്ചിരുന്നു. കോളേജില്‍ എന്തോ പ്രശ്നമുണ്ടെന്നു സാറിനോട് പറയാന്‍ അലക്സ്‌ സാര്‍ പറഞ്ഞിട്ട് സാറിന്‍റെ പെങ്ങള്‍ വിളിച്ചിരുന്നു. സാറുടന്‍ ചെല്ലണം എന്ന് പറഞ്ഞു."

ഋഷി ഇരുത്തിയൊന്ന് മൂളി. എന്നിട്ട് ചോദിച്ചു - "DYSP അന്‍വര്‍ എവിടെ?" "അന്‍വര്‍ സാര്‍ എവിടെക്കോ അത്യാവശമായി പോയിരിക്കുകയാണ്." സി. ഐ. രാജേഷ്‌ പറഞ്ഞു. "എന്താണ് ധര്‍ണയുടെ കാരണം? ആരണവരുടെ നേതാവ്?" ഋഷി ചോദിച്ചു. "ചോഴിയക്കാട്‌ പേപ്പര്‍ ഫാക്ടറിയിലെ തൊഴിലാളികളാണ്. പരിസര മലിനീകരണം മൂലം ആ ഫാക്ടറി അടച്ച് പൂട്ടി. അവരുടെ നേതാവ് സത്യശീലന്‍ ആണ്. ഇവിടുത്തെ MLA കൃഷ്ണാനന്ദ് വാസുദേവന്റെ വലം കൈയും, അവരുടെ പാര്‍ട്ടിയുടെ ജില്ല പ്രസിഡന്റ്റും, ഫാക്ടറിയിലെ തൊഴിലാളി യൂണിയന്‍ നേതാവുമാണ്."

ഋഷി പറഞ്ഞു - "എനിക്കധികം സമയമില്ല. ആ സത്യശീലനെ വിളിച്ചു മുറിയില്‍ കൊണ്ട് വാ. പ്രശ്നം പരിഹരിക്കാം." ഋഷി അപ്പുറത്തെ കെട്ടിടത്തിലെ കമ്മിഷണര്‍ ഓഫീസിലേക്ക് നടന്നു. സി. ഐ. രാജേഷ്‌ ചെന്ന് സത്യശീലനെ വിളിച്ചു കൊണ്ട് ഓഫീസിലേക്ക് നടന്നു. ധര്‍ണ്ണ നടത്തിയിരുന്ന അണികള്‍ കുറച്ചു ദൂരത്തേക്കു മാറി നിന്നു. കളക്ടര്‍ അനൂപ്‌ ദാസ് കാറില്‍ നിന്നിറങ്ങി തന്‍റെ ഓഫീസിലേക്ക് നടന്നു പോയി.

സത്യശീലന്‍ ഋഷിയുടെ ഓഫീസില്‍ എത്തി. "സത്യശീലന്‍ അവിടെ നില്‍ക്കൂ.." ഋഷി പറഞ്ഞു. "വേണ്ട സാര്‍, ഞാന്‍ ഇവിടെ ഇരുന്നു കൊള്ളാം." സത്യശീലന്‍ കസേരയില്‍ ഇരുന്നു. "ഛീ, എഴുന്നെല്‍ക്കാടാ, ഇരിക്കാന്‍ നിന്നോടാരു പറഞ്ഞു?" സി. ഐ. രാജേഷാണ്. സത്യശീലന്‍ ചാടിഎണീറ്റ്. "ഞാന്‍ ആരാന്നു നിനക്ക് ശെരിക്കു അറിയത്തില്ല. നിന്‍റെ തൊപ്പി ഞാന്‍ തെറിപ്പി..." സത്യശീലന്‍ രാജേഷിനു നേരെ നോക്കി ഗര്‍ജിച്ചു.

"ട്ടെ"ഓര്‍ക്കാപ്പുറത്തുള്ള അടിയായിരുന്നതാല്‍ സത്യശീലന്‍ പിന്നിലേക്ക്‌ പിന്നില്ലേക്ക് വേച്ചു പോയി." ഋഷി പറഞ്ഞു - "അങ്ങനെയാണോ സത്യശീലാ, എന്നാലതൊന്നു കാണണമല്ലോ? സത്യം പറ മോനെ സത്യശീലാ, ഈ ധര്‍ണയുടെ കാരണമെന്താ?" സത്യശീലന്‍ പറഞ്ഞു - "ഞങ്ങളുടെ ഫാക്ടറി പൂട്ടിയതിനു." ഋഷി പറഞ്ഞു - "അത് തുറക്കാമെന്ന് കഴിഞ്ഞ ദിവസം കളക്ടര്‍ നിങ്ങള്ക്ക് രേഖാമൂലം ഉറപ്പു തന്നതല്ലേ. പിന്നെ?" ഇത്തവണ പകച്ചു പോയത് സത്യശീലന്‍ ആണ്.

ഋഷി പറഞ്ഞു - "മോനെ സത്യശീലാ, ഞാന്‍ വളരെ തിരക്കിലാണ്. വല്ലതും പറയാന്‍ ഉണ്ടെങ്കില്‍ സമയം കളയാതെ വേഗം പറ." സത്യശീലന്‍ പറഞ്ഞു - "എന്നെ കൊന്നാലും ഞാന്‍ പറയില്ല." "ഓ, അങ്ങനെയാണോ?" ഋഷി ചോദിച്ചു എന്നിട്ട് വിളിച്ചു - "രാജേഷേ....."

"ഇനി പറ സത്യശീലാ, ഈ ധര്‍ണ്ണ നടത്തുന്നത് എന്‍റെ ശ്രദ്ധ മാറ്റാന്‍ അല്ലായിരുന്നോ?" "അതെ സാറെ" സത്യശീലന്‍ പറഞ്ഞു. "ഇതിനു വേണ്ടി കൃഷ്ണാനന്ദ് തനിക്കു എത്ര തന്നു?" ഋഷി ചോദിച്ചു. "2000" സത്യശീലന്‍ പറഞ്ഞു. "അന്‍വര്‍ ഇപ്പോള്‍ എവിടെ കാണും?" ഋഷി ചോദിച്ചു. "കോളേജില്‍."
"ശെരി. ഇനി സത്യശീലന്‍ സമയം കളയാതെ പിള്ളേരെയും വിളിച്ചു വീട്ടില്‍ പൊയ്ക്കോ. പിന്നെ ഒരു കാര്യം കൂടി - തന്നെ ഞങ്ങള്‍ ആരെങ്കിലും തല്ലിയോ?" ഋഷി ചോദിച്ചു. "ഇല്ല സാര്‍." സത്യശീലന്‍ പറഞ്ഞു. "ശെരി പത്രക്കാര്‍ കാത്തു നില്‍പ്പുണ്ടാവും. അവരോടു പറഞ്ഞേക്ക് - ചര്‍ച്ചയില്‍ കളക്ടര്‍ വഴങ്ങി. ഫാക്ടറി തുറക്കാന്‍ അനുവദിച്ചതിനാല്‍ ധര്‍ണ പിന്‍വലിച്ചു. മനസ്സിലായല്ലോ?" ഋഷി പറഞ്ഞു. തലയാട്ടി കൊണ്ട് സത്യശീലന്‍ പുറത്തേക്കു നടന്നു നീങ്ങി.

രാജേഷ് ചോദിച്ചു - "അപ്പോള്‍ സാറെ, ഇനി എങ്ങോട്ടാ?" റോഷി പറഞ്ഞു - "ഇത്രയൊക്കെ ആയ സ്ഥിതിക്ക് അങ്ങോട്ട്‌ തന്നെ. കോളേജിലേക്ക്." ക്ലോക്കില്‍ അപ്പോള്‍ പതിനൊന്നു മണി അടിച്ചു.

(തുടരും...)
അടുത്ത അദ്ധ്യായം : ഓപ്പറേഷന്‍ ആരംഭിക്കുന്നു
--------------------------------------------------------------------------------------------------------------------------