Friday, April 29, 2016

അദ്ധ്യായം 1


കോളേജിലെ പ്രശ്നം 

"എത്തേണ്ടതാമിടമെത്തിയാലും ശരി,
മദ്ധ്യേ മരണം വിഴുങ്ങിയാലും ശരി...
മുന്നോട്ടു തന്നെ നടക്കും വഴിയിലെ,
മുള്ളുകളൊക്കെ ചവിട്ടി മെതിച്ചു ഞാന്‍
പിന്നാലെ വന്നിടും പിഞ്ചു പദങ്ങള്‍ക്കു
വിന്യാസ വേളയില്‍ വേദന തോന്നൊലാ..."

പ്രൊഫ. അലക്സ്‌ കെ ജോണ്‍ ഉച്ച മുതല്‍ വളരെ ടെന്‍ഷനിലായിരുന്നു. ഇന്റെര്‍വലിന്റെ സമയത്ത് അനുപമ ടീച്ചര്‍ വന്നു പറഞ്ഞ വിവരം കേട്ടത് മുതല്‍ അദ്ദേഹം അസ്വസ്ഥനാണ്.

അലക്സ്‌ സാര്‍ സ്റ്റാഫ്‌ റൂമിലാകെപ്പാടെ ഒന്ന് കണ്ണോടിച്ചു. തോമസ്‌ കെ ജോണ്‍ സാറിന്റെയും, തോമസ്‌ മാത്യു സാറിന്റെയും സീറ്റുകള്‍ കാലിയാണ്. ഉച്ചയൂണ് കഴിഞ്ഞു പുകവലിക്കുന്ന ശീലം ഇരുവര്‍ക്കുമുണ്ട്. ജ്യോത്സ്ന നായര്‍ ടീച്ചര്‍ 'The History of Genetics' എന്ന പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നു. ലിനു ജോര്‍ജ് ടീച്ചറും, അഖില ടീച്ചറും വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നു. സുമ ടീച്ചര്‍ പത്രം വായിച്ചു കൊണ്ടിരിക്കുന്നു. ഡിപാര്‍ട്ട്മെന്റ് ഹെഡ് ആയ എല്‍സമ്മ ജോണ്‍ ടീച്ചര്‍ എന്തോ എഴുതി കൊണ്ടിരിക്കുകയാണ്.

15 വര്‍ഷമായി താന്‍ ഈ കോളേജില്‍ പഠിപ്പിക്കാന്‍ വന്നിട്ട്. അതിനു ശേഷം ഈ ഇത് പോലൊരു സംഭവം ഈ കോളേജില്‍ ആദ്യമായിട്ടാണ്. അടിപിടികള്‍ക്കും മറ്റും കുപ്രസിദ്ധമായ ഈ കോളേജിനെ നേരെയാക്കി എടുക്കാന്‍ കുറച്ചേറെ പ്രയാസപ്പെട്ടു. എന്നിട്ടിതാ ഇപ്പോള്‍ വീണ്ടും...

അലക്സ്‌ സാറിനെ ചിന്തകളില്‍ നിന്നുണര്‍ത്തിയത് നാന്‍സി ടീച്ചറിന്റെ ശബ്ദമാണ്. "സാര്‍ അടുത്ത പീരീഡ്‌ B. Sc 2nd ഇയര്‍ B ബാച്ചില്‍ പോകാമോ? പകരം സാറിന്‍റെ 1st ഇയര്‍ B ബാച്ചില്‍ ഞാന്‍ പൊയ്ക്കൊള്ളാം." ഒന്നിരുത്തി മൂളിയതല്ലാതെ അദ്ദേഹം മറുപടി ഒന്നും പറഞ്ഞില്ല. ആ ക്ലാസ്സില്‍ പോകാന്‍ ടീച്ചര്‍മാര്‍ക്കാര്‍ക്കും താല്പര്യമില്ല. അതും ഇങ്ങനെ ഒരു സംഭവം കൂടി... ഇത് പോലൊരു ബാച്ച് ഇവിടെ ഉണ്ടായിട്ടില്ല, ഇനിയൊട്ടു ഉണ്ടാകുകയുമില്ല.

"അനുപമ ടീച്ചറെ, അവന്റെ പേരെന്തായിരുന്നു?" അലക്സ്‌ സാര്‍ ചോദിച്ചു. "ആനന്ദ് കൃഷ്ണ." പേര് കേട്ടപ്പോള്‍ തന്നെ ആളാരാണെന്ന് അലക്സ്‌ സാറിനു മനസ്സിലായി. മുന്‍മന്ത്രിയും, ഇപ്പോള്‍ ഇവിടുത്തെ സിറ്റിംഗ് എം.എല്‍.എ.യുമായ ശ്രീ. കൃഷ്ണാനന്ദ് വാസുദേവന്റെ ഒരേയൊരു മകന്‍.

അപ്പോളാണ് B. Sc 2nd ഇയര്‍ B ബാച്ചിലെ റോഷന്‍ സ്റ്റാഫ്‌ റൂമിലേക്ക്‌ കടന്നു വന്നത്. "ക്ലാസ്സിലെന്താ റോഷനെ പ്രശ്നം?" അലക്സ്‌ സാര്‍ ചോദിച്ചു. "ഒന്നുമില്ല സാര്‍." റോഷന്‍ പറഞ്ഞു. "ആ ആനന്ദ്‌ വെള്ളമടിച്ചിട്ട് കേറി ഉടക്കാന്‍ വന്നു. ഞങ്ങള്‍ പിടിച്ചു രണ്ടെണ്ണം കൊടുത്തു വിട്ടു. അത്രേയുള്ളൂ. അവന്‍ ഇറങ്ങി പോയി. SCS ജങ്ക്ഷനില്‍ വെച്ച് കണ്ടോളാമെന്നാ ഭീഷണി." റോഷന്‍ പറഞ്ഞു. "അവനെ ടി.സി. കൊടുത്തു പറഞ്ഞു വിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എം.എല്‍.എ.യുടെ മകന്‍ ആയതിനാല്‍ ആരും ഒന്നും ചോദിക്കില്ല എന്നാ അവന്റെ അഹങ്കാരം. എന്തായാലും റോഷന്‍ സൂക്ഷിക്കണം." അലക്സ്‌ സാര്‍ പറഞ്ഞു.

"അത് പ്രശ്നമില്ല സാര്‍." റോഷന്‍ പറഞ്ഞു. "കോളേജിനു വെളിയില്‍ വെച്ച് നമ്മളെ തൊടാന്‍ പോലും അവനു പറ്റില്ല. SCS ജങ്ക്ഷന്‍ മുഴുവന്‍ നമ്മുടെ ആളുകളാണ്. അവനൊരു ചുക്കും ചെയ്യില്ല. മാത്രമല്ല, ഋഷിച്ചായന് ഇങ്ങോട്ട്  ട്രാന്‍സ്ഫര്‍ ആണെന്ന് ഞാന്‍ പറഞ്ഞില്ലേ? ഇന്നിവിടെ കമ്മിഷണര്‍ ആയി ഋഷിച്ചായന്‍ ചാര്‍ജെടുക്കുകയാണ്."

"അത് നല്ലതാണ്." അലക്സ്‌ സാര്‍ പറഞ്ഞു. "റോഷനറിയാമോ, കഴിഞ്ഞ വര്ഷം ആനന്ദിനെ ഇവിടെ നിന്നും സസ്പെന്ഡ് ചെയ്തതാണ്. അതും ഒരു അടിപിടികേസില്‍. ഒടുവില്‍ അവനെ തിരിച്ചെടുക്കേണ്ടി വന്നു. അവന്റെ അപ്പനില്ലേ, ആ എം.എല്‍.എ. - അയാളെന്നെ വന്നു ഭീഷണിപ്പെടുത്താന്‍ നോക്കി. മകനെ തിരിചെടുതില്ലെങ്കില്‍ ആളെ വിട്ടു തല്ലിക്കുമെന്നു. ഞാന്‍ പറഞ്ഞു - എന്നെ തല്ലിയിട്ട് ഒരുത്തനും ഇവിടെ നേരെ നടക്കില്ല - തനിക്കിനി ഒന്നെര വര്ഷം കൂടിയല്ലയൂള്ളൂ.. അതിനു ശേഷം ഞങ്ങടെ പാര്‍ട്ടിയാ ഇനി ഭരിക്കാന്‍ പോകുന്നത്. അത് വരെയൊന്നും, ഞാന്‍ കാത്തിരിക്കില്ല. തന്‍റെ വീട്ടില്‍ കേറി തല്ലിയിരിക്കും എന്ന് പറഞ്ഞു."

ഇതേ സമയം തന്നെ DIG ഡോമിനിക് സെബാസ്റ്റ്യന്‍ തന്‍റെ ഓഫീസില്‍ ഇരുന്നു DYSP അന്‍വര്‍ സാദത്തിനോട് പറയുകയായിരുന്നു - "അവന്റെ ഒടുക്കത്തെ ഒരു ട്രാന്‍സ്ഫര്‍. കണ്ട മാരണങ്ങളെയെല്ലാം ഇങ്ങോട്ടെ കെട്ടിയെടുക്കാന്‍ കണ്ടുള്ലോ? അതും ഇന്ന് തന്നെ?" "അതിനെന്താ സാര്‍?" അന്‍വര്‍ ചോദിച്ചു. "അവനില്ലേ ആ ഋഷി. അവനാള് പിശകാണ്. നമ്മള്‍ വരയ്ക്കുന്ന വരയിലൊന്നും അവന്‍ നിക്കില്ല. കഴിഞ്ഞ മാര്‍ച്ചില്‍ പൂനയില്‍ ആയിരുന്നു അവന്റെ ആദ്യ പോസ്റ്റിങ്ങ്‌. മഹാരാഷ്ട്രയില്‍ മുംബൈ കമ്മിഷണര്‍ കഴിഞ്ഞാല്‍ ഗ്ലാമര്‍ ഉള്ള പദവി. ഏപ്രിലില്‍ 'ഓപ്പറേഷന്‍ ഡോണ്‍' ആവിഷ്കരിച്ചു അവിടുത്തെ അധോലോകത്തെ തുടച്ചു നീക്കി. ജൂണില്‍ വഴിയാത്രക്കാരനെ ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പാഞ്ഞു പോയ ആഭ്യന്തര മന്ത്രിയുടെ വാഹനം പിന്തുടര്‍ന്ന് പിടിച്ചു ഡ്രൈവറെ അറെസ്റ്റ്‌ ചെയ്തു. അതും നടുറോഡില്‍ വെച്ച്. ഫലമോ, ആറു മാസം സസ്പെന്‍ഷനും, കോഴിക്കോട്ടെക്ക് പണിഷ്മെന്റ് ട്രാന്സ്ഫെരും. ദാ പിന്നെ അവിടുന്ന് ഇങ്ങോട്ടും."

DYSP അന്‍വര്‍ പറഞ്ഞു - "അങ്ങനെയാണെങ്കില്‍ നമ്മള്‍ കരുതിയിരിക്കണമെല്ലോ. ഇന്നത്തെ പ്ലാനുകള്‍ അതീവ രഹസ്യമായിരിക്കണം. കൃഷ്ണാനന്ദ് സാര്‍ ഇപ്പോളും വിളിച്ച്ചിട്ടിരിക്കുവാണ്. അലക്സ്‌ എന്ന പേരുള്ള പ്രൊഫസറിനെയും, റോഷന്‍, അജിത്‌ എന്നീ വിദ്യാര്‍ഥികളെയും പൊക്കാനാ ഓര്‍ഡര്‍. അതിനിടയില്‍ ഋഷി കേറി ഇടപെടുമോ?"

ഡോമിനിക് ചിരിച്ചു - "അതാടോ പറഞ്ഞത് ബുദ്ധി വേണമെന്ന്. ഇവിടുത്തെ ആ കളക്ടറില്ലേ? അനൂപ്‌ ദാസ്. അയാളും ഋഷിയും സഹപാഠികളാണ്. 10:30നു കളക്ടറേറ്റില്‍ നമ്മുടെ പിള്ളേരുടെ വക ഒരു ധര്‍ണ. കളക്ടറിനെ തടഞ്ഞു വെക്കുന്നു. ചെറിയൊരു ഘെരാവോ. കൈയ്യേറ്റ ശ്രമം. ആത്മസുഹൃത്തിനെ രക്ഷിക്കാന്‍ അവന്‍ പാഞ്ഞെത്തില്ലേ? പിന്നെ നമ്മുടെ ഓപ്പറേഷന്‍ നടക്കുന്നതില്‍ എന്ത് തടസ്സം?"

അന്‍വര്‍ പറഞ്ഞു - "അതല്ല സാര്‍, ഋഷിയുടെ പെങ്ങള്‍ ഇപ്പോള്‍ ആ കോളേജില് ഗസ്റ്റ് ലക്ചറരാണ്. അവര്‍ ഈ വിവരം അവനെ അറിയിച്ചാല്‍ ഋഷി അവിടെ പാഞ്ഞെത്തില്ലേ? പിന്നെ നമ്മുടെ ഓപ്പറേഷന്‍ മുഴുവന്‍ അവതാളത്തിലാകും. പിന്നെ ബാക്കിയെന്താകുമെന്നു ഞാന്‍ പറയണമോ?"

ഡോമിനിക് പറഞ്ഞു - "താന്‍ പേടിക്കെണ്ടാടോ. സത്യശീലന്‍ ആള് മിടുക്കനാ. അവന്‍ കളക്ടറേറ്റിലെ കാര്യമെല്ലാം നേരെ നടത്തിയെടുക്കും. ഋഷി പതിനൊന്നിനും പന്ത്രണ്ടിനും ഇടയ്ക്കുള്ള സമയം കളക്ടറേറ്റിലായിരിക്കും. പതിനൊന്നാകുമ്പോള്‍ നിങ്ങള്‍ കോളേജിലേക്ക് പോയ്കൊള്ളൂ.."

(തുടരും....)

അടുത്ത അദ്ധ്യായം : കളക്ടറേറ്റിലെ ധര്‍ണ